സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു പുകയില ഉത്പന്നം പിടികൂടിയത്. കർണാടക ഭാഗത്ത് നിന്ന് കോഴിക്കോട് അരീക്കോടേക്ക് ചകിരി കയറ്റി വരികയായിരുന്ന കെഎൽ 65 എസ് 2395 നന്പർ ഐഷർ മിനിലോറിയിൽ നിന്നാണ് 105 ചാക്കുകളിലായി 42,650 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയത്.
വാഹനവും ഡ്രൈവറായ പാലക്കാട് മണ്ണാർക്കാട് സ്വദേശി സി.എച്ച്. സിദ്ദിഖ് (38)നെയും കസ്റ്റഡിയിൽ എടുത്തു. വയനാട് എക്സൈസ് ഇന്റലിജൻസ്, മുത്തങ്ങ ചെക് പോസ്റ്റ്, സുൽത്താൻ ബത്തേരി റേഞ്ച് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ എൻ. സിറാജ്, രാജേഷ് കോമത്ത്, കെ. വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. കണ്ടെടുത്ത പുകയില ഉത്പന്നങ്ങളും വാഹനവും തുടർനടപടികൾക്കായി ബത്തേരി പോലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.